സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രുപവീതമാണ് ഒരാള്‍ക്ക് ലഭിക്കുക. പെന്‍ഷന്റെ ഒരു ഗഡു നേരത്തെ വിതരണം ആരംഭിച്ചിരുന്നു. ഇതോടെ ആഘോഷകാലത്ത് പെന്‍ഷനായി ലഭിക്കുക 4800 രൂപ വീതമാകും.
വിഷുവിന് മുന്‍പ് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ രണ്ടു ഗഡു കൂടി വിതരണം ചെയ്യുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ ഇതിന്റെ വിതരണം ഉണ്ടാകും. ഒരു ഗഡു തുക കഴിഞ്ഞമാസം വിതരണം ചെയ്തിരുന്നു. വിഷു, ഈസ്റ്റര്‍, റംസാന്‍ കാലത്ത് ഇതോടെ 3 ഗഡുവും കൂടി 4800 രുപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 62 ലക്ഷം ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.