വെറും പത്ത് പേരുടെ വിവരങ്ങള്‍ മതി; കേരള സ്റ്റോറി വെല്ലുവിളിയില്‍ പ്രതിഫലം ഒരു കോടി

എഴുത്തുകാരനും സോഷ്യൽ മീഡിയ ബ്ലോഗറുമായ നസീർ ഹുസൈൻ ഒരു കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്തു. കേരളത്തിലെ മുസ്ലിം മതത്തില്‍ ജനിച്ച് മുസ്ലിം വിശ്വാസികള്‍ ആയി ജീവിക്കുന്ന യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ പത്ത് സ്ത്രീകളുടെ പേരും അഡ്രസും നല്‍കിയാല്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കാമെന്ന് നസീര്‍ ഹുസൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിവാദമായ ദി കേരള സ്റ്റോറി എന്ന ചിത്രം പുറത്തിറങ്ങിയപ്പോഴാണ് നസീർ ഹുസൈൻ ഇത്തരമൊരു ഓഫർ നടത്തിയത്. ഇത്തവണ സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇടുക്കി, താമരശ്ശേരി രൂപതകളെയും ക്രിസ്ത്യൻ യുവജന കൂട്ടായ്മയായ കെസിവൈഎമ്മിനെയും വെല്ലുവിളിക്കുകയാണെന്നും 32,000 സ്ത്രീകളുടെ ഒരു വിവരവും ആവശ്യമില്ല, പത്ത് സ്ത്രീകളുടെ വിവരമെങ്കിലും നൽകണമെന്നും നസീർ ഹുസൈൻ കിഴക്കേതിൽ പറഞ്ഞു. വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുന്നില്ലെങ്കിൽ കുട്ടികളുടെ മുന്നിൽ സംഘപരിവാർ കുപ്രചരണ ചിത്രം കാണിച്ചതിന് രൂപതകളും സംഘടനയും കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

നസീര്‍ ഹുസൈന്‍ കിഴക്കേടത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഞാന്‍ മുന്നോട്ട് വച്ച വെല്ലുവിളി, ഒന്നുകൂടി കേരളത്തിലെ ഇടുക്കി താമരശ്ശേരി രൂപതകള്‍ക്ക് മുന്നിലും ക്രിസ്ത്യന്‍ യുവജനവിഭാഗമായ കെസിവൈഎം ന്റെ മുന്നിലേക്കും വയ്ക്കുന്നു. ഇത്തവണ സമ്മാന തുക ഒരു കോടിയായി വര്‍ദ്ധിപ്പിക്കുന്നു.

കേരള സ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയില്‍ പറയുന്ന പോലെ , കേരളത്തിലെ മുസ്ലിം മതത്തില്‍ ജനിച്ച് മുസ്ലിം വിശ്വാസികള്‍ ആയി ജീവിക്കുന്ന യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ പത്ത് സ്ത്രീകളുടെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഞാന്‍ ഒരു കോടി രൂപ ഓഫര്‍ ചെയ്യുന്നു.

ഓര്‍ക്കുക 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും പത്ത് പേരുടെയെങ്കിലും വിവരങ്ങള്‍ തന്നാല്‍ മതി…. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍, ഈ സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപിച്ചതിന് ഇവര്‍ കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണം.

Scroll to Top