പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തേവിക്കോണം പാവച്ചക്കുഴി വളവൂർക്കൽ ആഞ്ജനേയംവീട്ടിൽ ഷീജയാണ് (41) മരിച്ചത്. ഭർത്താവ് ഓട്ടോഡ്രൈവറായ ജയശങ്കറിന്റെ മാനസികപീഡനമാണ് ഷീജ ആത്മഹത്യചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ പോലീസിനു മൊഴിനൽകി.
ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. വീടിൻ്റെ പിൻഭാഗത്ത് ഷീജ സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെയാണ് വീട്ടമ്മ മരിച്ചത്.
തുടർന്ന് മലയിൽകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ജയശങ്കറിൻ്റെ നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.