വല്ലപ്പുഴയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ചെറുകോട് മുണ്ടത്തുപറമ്പിൽ പ്രദീപിൻ്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ (8) എന്നിവർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെയാണ് ഇവരെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ഭർത്താവ് പ്രദീപ് ജോലിക്കായി വടകരയിലാണ് താമസം. രണ്ട് മാസം കൂടുമ്പോൾ മാത്രമാണ് അവർ വീട്ടിൽ വരുന്നത്. ഇന്ന് രാവിലെ ഫോണിൽ സംസാരിക്കുന്നതിനിടെ ബീനയും പ്രദീപും തമ്മിൽ വഴക്കുണ്ടായി. ഇതിന് ശേഷം പുലർച്ചെ 2.30ഓടെ ബീന കിടപ്പുമുറിയിൽ കയറി തീകൊളുത്തുകയായിരുന്നു.
ബീനയുടെയും പ്രദീപിൻ്റെയും പ്രണയ വിവാഹമായിരുന്നു. പ്രദീപിൻ്റെ അച്ഛൻ രാമൻ, അമ്മ ചന്ദ്രമതി, സഹോദരൻ പ്രജിത്ത്, ഭാര്യ സ്നേഹ എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്. പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)