വിവാഹശേഷം ചായ ഉണ്ടാക്കുന്നത് മുതൽ ഭർത്താവിന്റെ അടിവസ്ത്രം കഴുകുന്നത് വരെ സ്ത്രീകളുടെ കടമയാണെന്ന് ചിലർ വിശ്വസിക്കുന്നു. കാലം മാറിയെങ്കിലും ഈ പ്രാചീന ആചാരങ്ങൾ ഇപ്പോഴും പലയിടത്തും തുടരുന്നു. അതേസമയം, വിവാഹം കഴിഞ്ഞ് ഏഴ് വർഷം കഴിഞ്ഞിട്ടും ചായയോ കാപ്പിയോ ഉണ്ടാക്കാൻ ഭർത്താവ് ആവശ്യപ്പെട്ടിട്ടില്ലെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യർ വെളിപ്പെടുത്തി. ഒരു സ്ത്രീയും നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങരുതെന്ന സന്ദേശവും അവർ പങ്കുവെച്ചു.
‘ഞാനും എന്റെ ഭർത്താവും ഒരേ സമയത്ത് വീട്ടിൽ കയറുക വളരെ വിരളമാണ്. കഴിഞ്ഞാഴ്ച ഒരു ദിവസം ഞങ്ങൾ രണ്ടുപേരും ഏകദേശം ഒരേ സമയത്ത് വീട്ടിലേക്ക് ചെന്നെത്തി. ഞാൻ ചായ എടുത്ത് കൈയിൽ കൊടുത്തു. വീട്ടിൽ കുഞ്ഞിനെ നോക്കാനൊരു ചേച്ചിയുണ്ട്. പെട്ടെന്ന് ശബരി പറഞ്ഞു, രശ്മി ഇങ്ങോട്ട് വന്നേ, ഇതൊന്നുകണ്ടേ, ഇതൊന്നുകണ്ടേ എന്നു പറഞ്ഞു. എന്താ ഇവിടെ കാണാനുള്ളതെന്ന് ഞാൻ ഓർത്തു.”
അല്ല ഈ കാഴ്ച വർഷത്തിലൊരിക്കലെങ്ങാനുമേ കാണാനൊക്കത്തുള്ളൂ. അതുകൊണ്ട് വേണമെങ്കിൽ ഇപ്പോൾ കണ്ടോ” എന്ന് പറഞ്ഞു. ആ സമയം ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു. അധികം അടുക്കളയുമായി ദൈനംദിന ബന്ധം പുലർത്തുന്ന വ്യക്തിയല്ല ഞാൻ. പിന്നീട് ഞാൻ അതിനെക്കുറിച്ചൊന്ന് ആലോചിച്ചപ്പോൾ, അതിന്റെ ഉള്ളിന്റെയുള്ളിൽ ഇത്രയും കാലം ഒരു ദിവസം പോലും എന്നോട് നീ എനിക്കൊരു കാപ്പിയുണ്ടാക്കിത്തരണം അല്ലെങ്കിൽ ചായ ഉണ്ടാക്കിത്തരണമെന്ന് പറഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞ് ഏഴ് വർഷങ്ങളായി. യാതൊരു ആവശ്യങ്ങളോ യാതൊരു പ്രതീക്ഷകളോ ഇല്ലാത്ത ഒരു ഭർത്താവാണ്. അങ്ങനെയിരുന്നിട്ട് പോലും അങ്ങനെയൊരു തമാശയടിക്കാൻ തോന്നിയെന്നതാണ്.”- ദിവ്യ പറഞ്ഞു.