രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സിനിമയാണ് കേരള കഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് കേരളത്തിൽ എവിടെ നടക്കും? ആർഎസ്എസിൻ്റെ കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരുമാണ് ആഭ്യന്തര ശത്രുവെന്നാണ് പണ്ട് ഹിറ്റ്ലർ പറഞ്ഞിരുന്നത്. ആർഎസ്എസ് ഇത് അതേപടി പകർത്തി. പേരിലേ മാറ്റമുള്ളൂ വാചകം ഒന്നാണ്. അവിടെ ജൂതരാണെങ്കിൽ ഇവിടെ ന്യൂനപക്ഷങ്ങളിൽ പ്രബലർ മുസ്ലീമും ക്രിസ്ത്യാനിയുമാണ്. ഈ ആഭ്യന്തര പ്രശ്നത്തിന് പരിഹാരം കാണുന്നതിലും ആർഎസ്എസ് ഒരു നിലപാടെടുത്തിട്ടുണ്ട്. ജർമനിയുടെ വഴി സ്വീകരിക്കുമെന്നാണ് അവർ പറഞ്ഞത്. ജർമനി എന്താണ് ചെയ്തതെന്ന് നമുക്കറിയാം. എത്ര വലിയ കൂട്ടക്കൊലയാണ് നടന്നത്. ഓരോ ഘട്ടത്തിലും ഓരോ ജനവിഭാഗങ്ങൾക്ക് നേരെയാണ് അവർ തിരിയുക. ഓരോ വിഭാഗത്തെയും മറ്റൊരു വിഭാഗത്തിന് നേരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശങ്ങൾ നേടാൻ പറ്റുമോ എന്ന ശ്രമം നടത്തും. ആ കെണിയിൽ വീഴരുത്. സംഘപരിവാർ അജണ്ടയുടെ ഭാഗമായി മാറരുത്. ‘- മുഖ്യമന്ത്രി പറഞ്ഞു.
‘കേരളത്തിന്റെ കഥയെന്നാണല്ലോ പറയുന്നത്. കേരളത്തിൽ എവിടെയാണ് ഇങ്ങനെ നടക്കുന്നത്. ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ സൃഷ്ടിച്ച കാര്യങ്ങളാണ് ചെയ്തുവച്ചിരിക്കുന്നത്. നമ്മുടെ നാട്ടുകാർ മാത്രമല്ല, മറ്റുള്ളവരും ഇതിനെതിരെ പ്രതികരിച്ചല്ലോ. തീർത്തും രാഷ്ട്രീയ ഉദ്ദേശത്തോടെ ചെയ്ത കാര്യമാണ്. ഇതിനെ കൂടുതൽ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങൾ കാണും. സാഹോദര്യമുള്ള നാടാണ് കേരളം. അതിനെ വല്ലാതെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഈ നാട്ടിൽ അഭിമാനപൂർവം നമുക്ക് നിൽക്കാൻ സധിക്കുന്നില്ലേ?’- മുഖ്യമന്ത്രി ചോദിച്ചു.